പുകയില മുറുക്കുന്നതിന്റെ പേരില്‍ വിവാഹമോചനം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

ഭാര്യയുടെ പുകയില മുറുക്ക് സഹിക്കാനാവില്ലെന്ന് കാണിച്ച് വിവാഹമോചനം തേടിയ ആളിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഭാര്യയുടെ പുകയില മുറുക്ക് സഹിക്കാനാവില്ലെന്ന് കാണിച്ച് വിവാഹമോചനം തേടിയ ആളിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. പുകയില മുറുക്ക് വിവാഹമോചനം നല്‍കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.

നേരത്തെ ഇയാളുടെ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2003 ജൂണ്‍ 15നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടായാണ് താമസം. മകള്‍ അച്ഛനൊപ്പവും മകന്‍ അമ്മയ്‌ക്കൊപ്പവുമാണ്. ഭര്‍ത്താവാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്.

വീട്ടുജോലികള്‍ ശരിയായ രീതിയില്‍ ചെയ്യുന്നില്ലെന്നും, യാതൊരു കാരണവുമില്ലാതെ തന്നോടും വീട്ടുകാരോടും നിരന്തരമായി യുവതി വഴക്കിടാറുണ്ടെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. തന്നില്‍ നിന്നും വീട്ടുകാരില്‍ നിന്നും വേര്‍പ്പെട്ട് കഴിയാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്റെ ഭാഗമായി നാഗ്പൂരില്‍ യുവതി മറ്റൊരു വീട് വാങ്ങിയിട്ടുണ്ട്. തന്റെ അനുവാദമില്ലാതെ അവള്‍ അവളുടെ വീട്ടില്‍ പോകാറുണ്ടെന്നും അവിടെ ആഴ്ചകളോളം താമസിക്കാറുണ്ടെന്നും അര്‍ധരാത്രിയിലാണ് വീട് പണികള്‍ ചെയ്യുകയെന്നും ടിഫിന്‍ ബോക്‌സ് യഥാസമയം തയ്യാറാക്കി വെക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ വിവാഹമോചന നോട്ടീസ് അയച്ചത്. കൂടാതെ ഭാര്യുയുടെ പുകയില മുറുക്കും ഇയാള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ നോട്ടീസിന് യുവതി മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.

ഭര്‍ത്താവും അമ്മയും തന്നെ ക്രൂരമായി പീഡിപ്പിക്കല്‍ പതിവായിരുന്നെന്ന് യുവതി കോടതിയെ അറിയിച്ചു. വീട്ടുകാര്‍ ഇരുചക്രവാഹനം വേണമെന്ന് ആവശ്യപ്പെട്ടതായും അതേചൊല്ലി നിരന്തരമായി അമ്മായി അമ്മ അധിക്ഷേപിക്കാറുണ്ടായിരുന്നതായും തുടര്‍ന്നാണ് വീടുവിട്ടതെന്നും യുവതി കോടതിയെ അറിയിച്ചു. 

2015ല്‍ അപ്പീല്‍ കേട്ട നാഗ്പൂരിലെ പ്രാദേശിക കോടതി ഭര്‍ത്താവിന്റെ അപേക്ഷ തള്ളി. തുടര്‍ന്ന് ഭര്‍ത്താവ് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ വിവാഹമോചനത്തിന് പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com