സൈനികര്‍ മരിച്ചെന്ന് ഒടുവില്‍ അംഗീകരിച്ചു; ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടല്‍ വീഡിയോ പുറത്തുവിട്ട് ചൈന

സംഘര്‍ഷത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്
ചൈനീസ് മാധ്യമം പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
ചൈനീസ് മാധ്യമം പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ നിന്ന്‌


ന്യൂഡല്‍ഹി:  ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. സംഘര്‍ഷത്തില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത്. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ട സൈനികരുടെ പേരും ചൈന പുറത്തുവിട്ടിരുന്നു. സംഭവശേഷം ആദ്യമായാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിക്കുന്നത്. 

അഞ്ച് സൈനികര്‍ മാത്രമെ കൊല്ലപ്പെട്ടുവെന്നാണ് ചൈനയുടെ അവകാശവാദം. സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്നതില്‍ ചൈന മൗനം തുടരുകയാണ്.

ചൈന പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒരു വലിയ നദി മുറിച്ചുകടക്കുന്നത് കാണം. മുന്നോട്ട് പോകുന്നവരില്‍ ചിലരെ സൈനികര്‍ തന്നെ തടയുന്നതും കാണാം.  സൈനികരുടെ കൈയ്യില്‍ ബാറ്റണുകളും ഷീല്‍ഡുകളും ഉണ്ട്. ഇരുട്ടില്‍ ഫ്ളാറ്റ് ലൈറ്റുകള്‍ തെളിയുന്ന ദൃശ്യങ്ങളും ചൈന പുറത്തുവിട്ട വീഡിയോയില്‍ ഉണ്ട്. 

ഗല്‍വാന്‍, പാംഗോങ് തടാകം, ഹോട്‌സ്പ്രിങ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അയവ് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാകത്തില്‍നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗല്‍വാനിലുള്‍പ്പെടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ കമാന്‍ഡര്‍ തല ചര്‍ച്ച ശനിയാഴ്ച പത്ത് മണിക്ക് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com