13കാരി കുഞ്ഞിന് ജന്മം നല്‍കി, നിമിഷങ്ങള്‍ക്കകം നവജാത ശിശു മരിച്ചു; 29കാരന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2021 03:28 PM  |  

Last Updated: 19th February 2021 03:28 PM  |   A+A-   |  

SEXUAL ASSAULT

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ 13കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രിയില്‍ ജനിച്ച് ഉടനെ തന്നെ നവജാത ശിശു മരിച്ചതായി പൊലീസ് അറിയിച്ചു.

ചിത്രക്കൂടിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം 29 വയസുകാരനാണ് തുടര്‍ച്ചയായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ ഫെബ്രുവരി ഒന്‍പതിന് പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ചയാണ് 13കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ വീരേന്ദ്ര ത്രിപാദി പറയുന്നു.

പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു എന്ന് കാട്ടി ഫെബ്രുവരി ഏഴിനാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. രണ്ടു ദിവസം കഴിഞ്ഞ് 29 വയസുള്ള അമര്‍നാഥ് തീവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി 29കാരന്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി  പൊലീസ് പറയുന്നു. ഫെബ്രുവരി ഏഴിനാണ് കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.