മുഖ്യമന്ത്രിയുടെ മുറിയില്‍ കൊതുക് ശല്യം;  സബ് എന്‍ജിനിയറെ സസ്‌പെന്റ് ചെയ്തു; വിമര്‍ശനവുമായി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2021 05:03 PM  |  

Last Updated: 19th February 2021 05:03 PM  |   A+A-   |  

dengue-mosquitokjhkj

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: ഗസ്റ്റ് ഹൗസ് പരിപാലനത്തില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് മധ്യപ്രദേശില്‍ സബ് എന്‍ജിനിയറെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നു. എന്നാല്‍ അവിടെ ആവശ്യത്തിനുള്ള ശുചീകരണമോ, ക്രമീകരണങ്ങളോ നടത്താത്തതിന്റെ പേരിലാണ് സര്‍ക്കാര്‍ നടപടി.

സിദ്ധിയില്‍ 52 പേര്‍ മരിക്കാനിടയായ വാഹനാപകടത്തെ തുടര്‍ന്ന് അവരുടെ കുടുംബാംഗങ്ങളെയും രക്ഷപ്പെട്ടവരെയും ആശ്വസിപ്പിക്കുന്നതിനായി എത്തിയ മുഖ്യമന്ത്രി അന്ന് രാത്രി സിദ്ധിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ മുറികളെല്ലാം ശുചിത്വമില്ലാത്ത അവസ്ഥയിലായിരുന്നു. ഗസ്റ്റ്ഹൗസിന്റെ പരിപാലനത്തില്‍ ആവശ്യമായ ശ്രദ്ധ പാലിക്കുന്നില്ലെന്നും അദ്ദേഹം കണ്ടെത്തി. മുഖ്യമന്ത്രിയുടെ മുറിയില്‍ നിറയെ കൊതുകുകളായിരുന്നു. വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞ് വെള്ളം പാഴാകുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗസ്റ്റ്ഹൗസ് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചിരുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.


വെള്ളിയാഴ്ചയാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. മുഖ്യമന്ത്രി താമസിക്കാന്‍ എത്തുമെന്നറിഞ്ഞിട്ടും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്നാണ് 52 പേര്‍ മരിക്കാന്‍ ഇടയായത്. എന്നാല്‍ ഇതേക്കുറിച്ചൊന്നും ആശങ്കപ്പെടാത്ത മുഖ്യമന്ത്രിക്ക് കൊതുകുകളെയും ടാങ്കില്‍ വെള്ളം നിറഞ്ഞൊഴുകിയതിലുമാണ് ശ്രദ്ധയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി