പ്രേമം നിരസിച്ചത് കൊലയ്ക്ക് കാരണം; വെള്ളത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി; ഉന്നാവ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പൊലീസ്

പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിലെ കൊലപാതകത്തിന് കാരണം പ്രേമം നിരസിച്ചതിനെ തുടര്‍ന്നെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂര്‍ത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്.കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ലക്‌നൗ ഡിജിപി പറഞ്ഞു.

വെള്ളത്തില്‍ കീടനാശിനി നല്‍കിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം  നടത്താന്‍ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു. 

കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റര്‍ സപ്പോര്‍ട്ട് പതുക്കെ കുറച്ച് പെണ്‍കുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാണ്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വിദഗ്ധസംഘത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 

ദേഹത്ത് കണ്ടെത്തിയ വിഷാംശമാണ് പെണ്‍കുട്ടികളുടെ മരണകാരണമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്ങനെ മൂന്ന് പേരിലും വിഷാംശം എത്തിയെന്നതില്‍ പക്ഷെ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ആറ് സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. പോലീസ് നായയെ ഉപയോഗിച്ചും പെണ്‍കുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com