കാറില്‍ കൊക്കെയിന്‍ വെച്ചത് ബിജെപി നേതാവിന്റെ ആളുകള്‍; മയക്കുമരുന്നുമായി പിടിയിലായ യുവമോര്‍ച്ച വനിതാ നേതാവ് കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 09:56 PM |
Last Updated: 20th February 2021 09:56 PM | A+A A- |

പമേല ഗോസ്വാമി/ഫെയ്‌സ്ബുക്ക്
കൊല്‍ക്കത്ത: തന്റെ കാറില്‍ കൊക്കെയിന്‍ കൊണ്ടുവച്ചത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ അടുത്തയാളായ രാകേഷ് സിങ്ങിന്റെ ആളുകളാണെന്ന് അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് പമേല ഗോസ്വാമി. കഴിഞ്ഞദിവസമാണ് കൊക്കെയിനുമായി പമേലയെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തത്.
രാകേഷ് സിങ്ങിന്റെ ആളുകള്‍ പ്ലാന്‍ ചെയ്ത് തന്നെ കുടുക്കുകയായിരുന്നു എന്ന് കോടതിയില്‍ പമേല പറഞ്ഞു. കാറിനുള്ളില്‍ മയക്കുമരുന്നു കൊണ്ടുവച്ചത് രാകേഷ് സിങ്ങിന്റെ ആളാണ്. തനിക്ക് ഇതിനെപ്പറ്റി വിശ്വസനീയമായ ഇടത്തില്‍ നിന്നാണ് വിവരം ലഭിച്ചത്. അഞ്ചുദിവസത്തിന് മുന്‍പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡീയോ താന്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായും പമേല പറയുന്നു.
മോഡലും എയര്‍ ഹോസ്റ്റസുമായിരുന്ന പമേല 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ യുവമോര്‍ച്ചയുടെ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് 23കാരിയായ പമേല പാര്‍ട്ടിയില്‍ അംഗമായത്.