കോവിഡ് വാക്സിൻ കുത്തിവച്ച അം​ഗൻവാടി ജീവനക്കാരി മരിച്ചു; പരാതിയുമായി കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 09:02 PM  |  

Last Updated: 21st February 2021 09:02 PM  |   A+A-   |  

vaccine-1574338133

പ്രതീകാത്മക ചിത്രം

 

ഇംഫാൽ: കോവിഡ് വാക്സിൻ കുത്തിവച്ചതിന് പിന്നാലെ അം​ഗൻവാടി ജീവനക്കാരി മരിച്ചതായി പരാതി. മണിപ്പൂരിലാണ് അം​ഗൻവാടി ജീവനക്കാരിയുടെ മരണത്തിൽ പരാതിയുമായി കുടുംബം രം​ഗത്തെത്തിയത്. പരാതിയുമായി കുടുംബം മുഖ്യമന്ത്രിയെയാണ് സമീപിച്ചിരിക്കുന്നത്.

ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച 48കാരി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മരിക്കുകയായിരുന്നു. പിന്നാലെയാണ് പരാതി. 

ഇവർ ആസ്മ ബാധിതയായിരുന്നുവെന്നും വാക്‌സിനെടുക്കുമ്പോൾ ഈ വിവരം അറിയിച്ചിരുന്നുവെങ്കിലും മെഡിക്കൽ സംഘം ഇക്കാര്യം കണക്കിലെടുത്തില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. വാക്‌സിനെടുത്ത് രണ്ട് ദിവസത്തിനകം തന്നെ ഇവർക്ക് കടുത്ത അലർജിയുണ്ടായിരുന്നു. അലർജിക്ക് പിന്നാലെ പനിയും പിടികൂടി. 

എന്നാൽ ആശുപത്രിയിൽ പോകാതെ സാധാരണ അലർജി വരുമ്പോൾ കഴിക്കുന്ന മരുന്ന് വാങ്ങി കഴിക്കുകയായിരുന്നു. പിന്നീട് പനിയും അലർജിയും മാറാതിരുന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകാതെ തന്നെ ഇവരുടെ ആരോഗ്യ നില മോശമാവുകയും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. വാക്‌സിനെടുത്ത മെഡിക്കൽ സംഘത്തിന്റെ അശ്രദ്ധയാണ് ഇവരെ മരണത്തിലേക്കെത്തിച്ചതെന്ന വാദമാണ് ഇപ്പോൾ കുടുംബം പരാതിയിൽ പറയുന്നത്. 

സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഇതുവരെ രാജ്യത്ത് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായവരുടെ എണ്ണം വളരെ കുറവാണ്. വാക്‌സിനേഷൻ സംബന്ധിച്ച് അധിക ആശങ്കകൾ വേണ്ടെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.