കറിക്കത്തി കൊണ്ട് ഡോക്ടർ ഭാര്യയുടെ കഴുത്തറുത്തു; മരണം ഉറപ്പിക്കാൻ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 10:14 AM |
Last Updated: 21st February 2021 10:14 AM | A+A A- |
ഡോ. ഗോകുല്‍കുമാര്‍, കീര്‍ത്തന
ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഡോക്ടർ കഴുത്തറുത്തു കൊന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഗോകുൽ കുമാറാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ചെന്നൈ ഡിണ്ടിവനം സ്വദേശിയായ ഡോക്ടർ കീർത്തനയെ കറിക്കത്തി കൊണ്ടു കഴുത്തറുത്തശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായിരുന്നു കീർത്തന. ലോക്ഡൗൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തി. ഇതു സംബന്ധിച്ച് ദമ്പതികൾ വഴക്ക് പതിവായിരുന്നു. തുടർന്ന് കീർത്തനയും ഗോകുലും കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാൽ വഴക്കിനു കുറവ് ഉണ്ടായിരുന്നില്ല. വീട്ടുകാർ ഇടപെട്ടു വിവാഹമോചന നടപടികളും തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും പതിവുപോലെ വഴക്കായി. ഇതിനിടെ അടുക്കളയിലേക്കു പോയ ഗോകുൽ കറിക്കത്തിയുമായി എത്തി കീർത്തനയെ ആക്രമിച്ചു. കഴുത്ത് വെട്ടേറ്റു തൂങ്ങി. ബഹളം കേട്ടു ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ആക്രമിച്ചു. അരിശം തീരാതിരുന്ന ഗോകുൽ മുടിയിൽ പിടിച്ചു വലിച്ചിഴച്ചു കീർത്തനയെ വീടിനു പുറത്ത് എത്തിച്ചു.
തുടർന്നു പോർച്ചിൽനിന്നും കാർ എടുത്തുകൊണ്ടുവന്നു പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. തുടർന്ന് കാറുമായി രക്ഷപെട്ടു. അയൽക്കാർ വിവരം നൽകിയതനുസരിച്ച് എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയപാതയിൽ ആർതുർ ടോൾ പ്ലാസയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.