പരിശോധന കൂട്ടണം, കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കണം; രോഗികളുടെ വര്‍ധനയില്‍ ആശങ്ക, സംസ്ഥാനങ്ങളോട് കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 01:34 PM  |  

Last Updated: 21st February 2021 01:34 PM  |   A+A-   |  

covid testing

കോവിഡ് പരിശോധന / ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി:  അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധിക്കുന്നതിന് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പരിശോധനകളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും നിര്‍ദേശിച്ചു.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 74 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ അടുത്തിടെയായി കോവിഡ് കേസുകള്‍ കുറയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ രണ്ടു സംസ്ഥാനങ്ങള്‍ക്ക് പുറമേ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഒപ്പം നിരീക്ഷണം ശക്തമാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളില്‍ ആശുപത്രി സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍.

കേരളത്തില്‍ ആഴ്ചയില്‍ ശരാശരി 34,000 മുതല്‍ 42,000 വരെ കോവിഡ്് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ പ്രതിദിന രോഗമുക്തി നിരക്കില്‍ കേരളമാണ് ഒന്നാമത്. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ കേരളത്തിലെ ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം  നിര്‍ദേശിക്കുന്നു. 

അതേ സമയം കേരളത്തിലെ കോവിഡ്് വ്യാപനത്തില്‍ സംസ്ഥാനത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലുള്ളത്.  ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. കൂടുതല്‍ വിക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.