രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ വക്കിലോ?, നാലു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 10:31 AM  |  

Last Updated: 21st February 2021 12:04 PM  |   A+A-   |  

CORONA VIRUS

കോവിഡ് പരിശോധന/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 14,000ലധികം കോവിഡ് കേസുകള്‍. ഇന്നലെ 14,264 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,09,91,651 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 90 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,56,302 ആയി ഉയര്‍ന്നു. നിലവില്‍ 1,45,634 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 11,667 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,06,89,715 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 1,10,85,173 പേര്‍ക്കാണ് കോവിഡിനെതിരെയുള്ള കുത്തിവെയ്പ് നടത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത്. മഹാരാഷ്ട്രയില്‍ ഒരാഴ്ച മുന്‍പ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശരാശരി 3500 ആയിരുന്നു. എന്നാല്‍ ഇന്നലെ 6112 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയുകയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.