വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ വിവാഹാഭ്യര്‍ത്ഥനയുമായി സുഹൃത്ത് എത്തി; 17കാരിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, യുവാവ് ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 12:10 PM  |  

Last Updated: 21st February 2021 12:10 PM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 17കാരിയെ യുവാവ് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 17കാരിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുന്നു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. നീതു എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ലെയ്ക് ഖാനാണ് പ്രതി. ചുറ്റിക കൊണ്ടാണ് അടിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാന്‍ ആറംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കി.

ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസ് സംഭവം അറിയുന്നത്. നീതുവിന്റെ ബന്ധു കൗശല്‍ കുമാറിന്റെ പരാതിയില്‍ പൊലീസ് ലെയ്ക് ഖാനെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു.

വൈകീട്ട് അഞ്ചുമണിക്ക് നീതുവിന്റെ വീട്ടില്‍ പോയതായി കൗശല്‍ പറയുന്നു. ലെയ്ക് ഖാന്‍ നീതുവിനോട് സംസാരിക്കാനായി അവിടെ എത്തിയിരുന്നു. മൂന്നുമാസമായി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായി കൗശല്‍ പറയുന്നു. എന്നാല്‍ നീതു ലെയ്ക് ഖാനെ ഒരു സുഹൃത്തായാണ് കണ്ടത്. ആറുമണിക്ക്് ഡിന്നറിന് ചിക്കനും പച്ചക്കറികളും വാങ്ങി വരാന്‍ നീത് തന്നോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്ന് കൗശല്‍ പൊലീസിന് മൊഴി നല്‍കി.

തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ലെയ്ക് ഖാന്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം ധൃതിയില്‍ പോകുന്നതാണ് കണ്ടത്. കൈയില്‍ ഒരു ചുറ്റികയും ഉണ്ടായിരുന്നു. നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ യുവാവ് അതിന് തയ്യാറായില്ല. തുടര്‍ന്ന് സംശയം തോന്നി വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് നീതുവിനെ കണ്ടതെന്ന് കൗശല്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീതുവിന്റെയും ലെയ്ക് ഖാന്റെയും കുടുംബക്കാര്‍ പരിചയക്കാരാണ്. കൂടെകൂടെ ലെയ്ക് ഖാന്‍ നീതുവിന്റെ വീട്ടില്‍ വരാറുണ്ടെന്ന് പൊലീസ് പറയുന്നു.