ജഡ്ജിയുടെ വ്യാജ ഒപ്പിട്ട് കൊലക്കേസ് പ്രതിക്ക് ജാമ്യം; പൊലീസുകാരൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 01:32 PM |
Last Updated: 21st February 2021 01:32 PM | A+A A- |

ഫയൽ ചിത്രം
ഭുവനേശ്വർ: മജിസ്‌ട്രേറ്റിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് പ്രതിയെ ജയിൽ മോചിതനാക്കിയ പൊലീസുകാരൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൂര്യ നാരായൺ ബെഹെറയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കോടതി ഉത്തരവിൽ മജിസ്‌ട്രേറ്റിന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കി ജയിൽ സൂപ്രണ്ടിന് സമർപ്പിക്കുകയായിരുന്നു ബെഹെറ.
മരുമകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബാബുല എന്നയാളെയാണ് പൊലീസുകാരൻ സഹായിക്കാൻ ശ്രമിച്ചത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഭഞ്ജനഗറിലെ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മുമ്പാകെ പ്രതി ജാമ്യാപേക്ഷ നൽകിയിരുന്നു. ഫെബ്രുവരി 12 നാണ് ജാമ്യാപേക്ഷ പുറപ്പെടുവിച്ച് കോടതിയിലേക്ക് അയച്ചത്. ബുഗുഡയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അന്ന് അവധിയിലായിരുന്നതിനാൽ അസ്കയിലെ ജെഎംഎഫ്സിക്കായിരുന്നു ജാമ്യാപേക്ഷ പരിശോധിക്കാൻ ചുമതല.
കോടതി രേഖ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുപകരം ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഒപ്പ് വ്യാജമായി നിർമ്മിച്ച് പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. ഐപിസി സെക്ഷൻ 466 കോടതി രേഖ വ്യാജമായി നിർമ്മിച്ച കുറ്റത്തിന് പൊലീസുകാരനെതിരെ എഫ്ഐആർ ഫയൽ ചെയ്തു.