കൂലിയായി നല്‍കിയത് 30 രൂപ; 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് ബാഗിലാക്കി കുഴിച്ചിട്ടു; മൃതദേഹം പുറത്തെടുത്ത് കുഴൽക്കിണറിൽ തള്ളി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 05:08 PM |
Last Updated: 21st February 2021 05:08 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്നൗ: ജോലി ചെയ്തതിന് തുച്ഛമായ വേതനം നൽകിയ തൊഴിലുടമയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അഞ്ചുവയസുകാരൻ ആദിത്യയാണ് കൊല്ലപ്പെട്ടത്. 16 വയസായ രണ്ടുപേരാണ് അറസ്റ്റിലായത്. ഇരുവരെയും ജൂവനൈൽ ഹോമിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.
ഫെബ്രുവരി 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. വയലിൽ പണിയെടുത്ത പ്രായപൂർത്തിയാകാത്ത ഇവർക്ക തൊഴിലുടമ കൂലിയായി 30 രൂപയും 50 രൂപയുമാണ് നൽകിയത്. തുടർന്ന് ഇരുവരും തൊഴിലുടമയോട് വൈരാഗ്യം പുലർത്തിയിരുന്നു. പിതാവിനെ വേദനിപ്പിക്കുന്നതിനായി ഇവർ മകനെ കൊലപ്പെടുത്തുകയായിരുന്നു.
കൊലനടത്തുന്നതിനായി ഇവർ കുറ്റകൃത്യ പരമ്പരകൾ കണ്ടിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോയി കടുക് വയലിൽ എത്തിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്ലാസ്റ്റിക് ബാഗിലാക്കി കുഴിച്ചിട്ടു.
എന്നാൽ ഫെബ്രുവരി 14ന് കുട്ടിയുടെ മൃതദേഹം കുഴൽക്കിണറിൽ ഉണ്ടാകുമെന്ന്താന്ത്രികൻമാർ കുട്ടിയുടെ കുടുംബത്തോട് പറഞ്ഞതായി ഗ്രാമത്തിൽ വാർത്ത പരന്നു. ഇതോടെ കൗമാരക്കാർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തശേഷം കുഴൽക്കിണറിന് സമീപം തള്ളുകയും വസ്ത്രവും ചെരിപ്പും കത്തിക്കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം പിന്നീട് കുഴൽക്കിണറിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസ് പ്രതികളെ പിടികൂടി. പിതാവിനോടുള്ള പകയാണ് മകനെ കൊലപ്പെടുത്താൻ കാരണമെന്ന് ഇരുവരും മൊഴി നൽകി.