പെട്രോളിന്റേയും ഡീസലിന്റേയും വില കുറച്ച് മമത സര്‍ക്കാര്‍; പുതുക്കിയ നിരക്ക്‌ ഇന്ന് അര്‍ധരാത്രി മുതല്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 05:47 PM  |  

Last Updated: 21st February 2021 05:49 PM  |   A+A-   |  

OIL PRICE

മമത ബാനര്‍ജി/ ഫയല്‍ ചിത്രം

 

കൊല്‍ക്കത്ത: ഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുന്നതിനിടെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറച്ച് മമത സര്‍ക്കാര്‍. സംസ്ഥാന നികുതി കുറച്ചാണ് നടപടി. ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ധനകാര്യമന്ത്രി അമിത് മിത്രയാണ് നികുതി കുറച്ച കാര്യം അറിയിച്ചത്. ഇന്ധനവില വര്‍ധനയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നടപടിയെന്ന് അമിത് മിത്ര പറഞ്ഞു. 

ഒരു ലിറ്റര്‍ പെട്രോളില്‍ 32.90 രൂപയാണ് കേന്ദ്ര നികുതി. 18.46 രൂപയാണ് സംസ്ഥാന നികുതിയെന്ന് അമിത് മിത്ര പറഞ്ഞു. ഡീസലിന്റെ കാര്യത്തില്‍ 31.80 രൂപയാണ് കേന്ദ്ര നികുതി. സംസ്ഥാനത്തിന് 12.77 രൂപ മാത്രമാണ് ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് ലഭിക്കുന്നതെന്നും അമിത് മിത്ര വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇന്ധനനികുതി കുറയ്ക്കില്ലെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചത്. കേരളം ഇന്ധനനികുതി ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധന വില കൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാവില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും തോമസ് ഐസക് പറഞ്ഞു.