കടം വാങ്ങിയ 40 ലക്ഷം രൂപ തിരികെ നല്‍കിയില്ല; ടിസിഎസിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 12:49 PM  |  

Last Updated: 22nd February 2021 12:49 PM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: കടം വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കി. രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസിലെ ജീവനക്കാരനാണ് മരിച്ചത്. 

ഹെദരാബാദില്‍ ഞായറാഴ്ചയാണ് സംഭവം. 44 വയസുള്ള ശ്രീധറാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ തിരിച്ചെത്തിയ ഭാര്യ പത്മ, ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയ ബന്ധുക്കള്‍ പത്മ ബോധം നഷ്ടപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. അച്ഛന്‍ മരിച്ച് കിടക്കുന്നത് കണ്ട അമ്മയ്ക്ക് ബോധക്ഷയം സംഭവിച്ചതായി 14 വയസുള്ള മകള്‍ പറഞ്ഞു. 

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആറുമാസം മുന്‍പ് ശ്രീധര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.ചിലര്‍ ശ്രീധറില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.