സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി; പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വി നാരായണസാമി സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

പുതുച്ചേരി:പുതുച്ചേരിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വി നാരായണസാമി സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം വന്നിരിക്കുന്നത്. 

ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഞങ്ങള്‍ ആലോചിക്കുന്നില്ല. നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ അനുഗ്രഹത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കും'-ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി സാമിനാഥന്‍ പറഞ്ഞു. 

'രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ പാവപ്പെട്ട സ്ത്രീകള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങളെല്ലാവരും കണ്ടതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം പുതുച്ചേരിയുടെ സാമ്പത്തിക അടിത്തറ തകര്‍ന്നു' അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇല്ലെന്ന് ബിജെപി വ്യക്തമാക്കിയതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി വി നാരായണസാമി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് രാജിക്കത്ത് നല്‍കുകയായിരുന്നു. 

കോണ്‍ഗ്രസിന്റെ അഞ്ചും ഡിഎംകെയുടെ ഒരു എംഎല്‍എയും രാജിവച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.നിയമസഭയില്‍ ആറ് ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചതിന് ശേഷം യുപിഎയ്ക്ക് 12 അംഗങ്ങളാണുണ്ടായിയിരുന്നത്. 9 കോണ്‍ഗ്രസ്, 2 ഡിഎംകെ, ഒരു സ്വതന്ത്രന്‍. ബിജെപി-എഐഎഡിഎംകെ-എന്‍ ആര്‍ കോണ്‍ഗ്രസ് സഖ്യത്തിന് 14അംഗങ്ങളുണ്ട്. വി നാരായണസാമി സര്‍ക്കാരിന്റെ പതനത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പൂര്‍ണമായി ഭരണത്തില്‍ നിന്ന് പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com