ഇന്നും രാജ്യത്ത് 14,000ലധികം കോവിഡ് കേസുകള്‍, പുനെയില്‍ റെക്കോര്‍ഡ് രോഗികള്‍; ആള്‍ക്കൂട്ടം നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 10:04 AM  |  

Last Updated: 22nd February 2021 10:04 AM  |   A+A-   |  

covid testing

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. തുടര്‍ച്ചയായ മൂന്നാം ദിവസവും 14,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 14,199 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,10,05,850 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 83 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,56,385 ആയി ഉയര്‍ന്നു. നിലവില്‍ 1,50,055 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 9695 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,06,99,410 ആയി ഉയര്‍ന്നു. നിലവില്‍ 1,11,16,854 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം പുനെയില്‍ ഇന്നലെ മാത്രം 1176 പേര്‍ക്കാണ് കോവിഡ് ബാധിച്ചത് . മുംബൈയിലും പുനെയിലും കോവിഡ് കേസുകള്‍ ഉയരുന്നത് മഹാരാഷ്ട്രയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാം കോവിഡ് തരംഗം പടിവാതില്‍ക്കല്‍ നില്‍ക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്  താക്കറെ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ ലോക്ക്ഡൗണിന് തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആള്‍ക്കൂട്ടം നിരോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.