'നന്നായി പഠിക്കണം'; ശബ്നം മകനോടു പറഞ്ഞു; വനിതാ കുറ്റവാളിക്കായി കഴുമരം ഒരുങ്ങുന്നു, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം

തൂക്കുമരം കാത്തുകഴിയുന്ന ശബ്‌നം അലിയെ കാണാന്‍ 12വയസ്സുള്ള മകന്‍ ജയിലിലെത്തി
ശബ്‌നം അലി/ ട്വിറ്റര്‍
ശബ്‌നം അലി/ ട്വിറ്റര്‍


റാംപൂര്‍: തൂക്കുമരം കാത്തുകഴിയുന്ന ശബ്‌നം അലിയെ കാണാന്‍ 12വയസ്സുള്ള മകന്‍ ജയിലിലെത്തി. ഞായറാഴ്ച സംരക്ഷകനായ ഉസ്മാനൊപ്പം റാംപൂര്‍ ജയിലിലെത്തിയ കുട്ടിയുമായി 45 മിനിറ്റോളം ശബ്‌നം സംസാരിച്ചു. നല്ലതുപോലെ പഠിക്കണമെന്ന് അമ്മ പറഞ്ഞതായി പിന്നീട് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റാന്‍ പോകുന്ന വനിതാ കുറ്റവാളിയാണ് ശബ്‌നം. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ പ്രസിഡന്റ് റാംനാഥ് കോവിന്ദിന് എഴുതിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'പ്രസിഡന്റ് അങ്കിളിനോട് ഞാന്‍ വീണ്ടും അപേക്ഷിക്കുകയാണ്, അമ്മയ്ക്ക് മാപ്പ് നല്‍കണം' കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

മഥുര ജയിലിലാണ് ശബ്‌നത്തെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത് വാര്‍ത്തയാതിനെ തുടര്‍ന്ന് അമ്മയും മകനും പരസ്പരം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടിക്കാഴ്ച അനുവദിച്ചതെന്ന് റാംപൂര്‍ ജയില്‍ സൂപ്രണ്ട് പി ടി സലോനിയ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. എല്ലാ മൂന്നു മാസം കൂടുമ്പോഴും കുട്ടി അമ്മയെ കാണാനായി ജയിലില്‍ എത്താറുണ്ട്. 

താന്‍ കുറ്റക്കാരിയല്ലെന്ന് ശബ്‌നം മകനോട് പറഞ്ഞെന്ന് ഉസ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കേസില്‍ കുടുക്കിയതാണെന്നും സിബിഐ അന്വേഷണം വേണമെന്നും ശബ്‌നം ആവശ്യപ്പെട്ടതായി ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. 

2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലാണ് ശബ്നത്തിന് വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. ഷബ്നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തു. 

ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ശബ്നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ശബ്നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
വധശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com