വിശദീകരണ നീക്കം പാളി; കേന്ദ്രമന്ത്രിയെ തടഞ്ഞു; യുപി ഗ്രാമങ്ങളില്‍ ബിജെപിയെ 'വിരട്ടി' കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് വിശദീകരിക്കാനുള്ള ബിജെപി നേതാക്കളുടെ നീക്കത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധം.
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം


ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ കുറിച്ച് വിശദീകരിക്കാനുള്ള ബിജെപി നേതാക്കളുടെ നീക്കത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധം. പടിഞ്ഞാറന്‍ യൂപിയില്‍ സന്ദര്‍ശനം നടത്തിയ നേതാക്കളെ കര്‍ഷകര്‍ തടഞ്ഞു. 

മുസാഫര്‍നഗറിലെ ഷോറം ഗ്രാമത്തിലെത്തിയ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയന് നേരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് കേന്ദ്രമന്ത്രിക്ക് തിരികെ പോകേണ്ടിവന്നു. 

ജവ്‌ല ഖാപ് നേതാവ് സച്ചിന്‍ ചൗധരി കേന്ദ്രമന്ത്രിയെ കാണാന്‍ വിസ്സമതിച്ചായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ധര്‍മേന്ദ്ര മാലിക് പറഞ്ഞു. 

'ഒരു ബിജെപി നേതാവും തന്നെ കാണാനായി വരേണ്ടതില്ല. അവര്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളെ ഖണ്ടാല്‍ മതി. കര്‍ഷക സമരത്തിന്റെ കാര്യത്തില്‍ അവരുടേതാണ് അന്തിമ തീരുമാനം' ഒരു വീഡിയോ സന്ദേശത്തില്‍ ചൗധരി പറഞ്ഞു. 

32 ഗ്രാമങ്ങളിലെ ഖാപ് പഞ്ചായത്തുകളുടെ ആസ്ഥാനമായ ബയിന്‍സ്‌വാലില്‍ ഫെബ്രുവരി അഞ്ചിന് കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കൂറ്റന്‍ മഹാപഞ്ചായത്ത് നടന്നിരുന്നു.കാര്‍ഷിക നിയമങ്ങളെ ഇനുകൂലിക്കുന്നവരെ ബഹിഷ്‌കരിക്കാനാണ് മഹാപഞ്ചായത്തുകളിലെ ആഹ്വാനം. 2013ലെ മുസാഫര്‍ നഗര്‍ കലാപത്തിന് ശേഷം പടിഞ്ഞാറന്‍ യുപിയിലെ ജാട്ടുകളും ദലിതരും ബിജെപിക്ക് അനുകൂലമായാണ് നിലയുറപ്പിച്ചത്. എന്നാല്‍ കര്‍ഷക പ്രക്ഷോഭം മുസ്ലിം വിഭാഗവും ജാട്ട് വിഭാഗവും തമ്മില്‍ ഒന്നിക്കുന്നതിന് കാരണമായി. 

ഈ അവസ്ഥയില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് പേര് വെളിപ്പെടുത്തരുത്് എന്ന വ്യവസ്ഥയില്‍ ഒരു ബിജെപി എംഎല്‍എ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. ചില കര്‍ഷക നേതാക്കളുമായി എനിക്ക് അടുത്ത ബന്ധമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ഗ്രാമങ്ങളിലേക്ക് വരരുത് എന്നാണ് അവര്‍ എന്നോട് പറഞ്ഞിരിക്കുന്നത്'-എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപികക്ക് കനത്ത തിരിച്ചടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com