കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘം, കോവിഡ് വ്യാപനത്തിന്റെ കാരണം കണ്ടെത്തും; 75 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 06:15 PM  |  

Last Updated: 23rd February 2021 06:15 PM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന് കാരണം കണ്ടെത്താന്‍ ഈ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ 75 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ്. മൊത്തം ചികിത്സയിലുള്ളവരില്‍ 38 ശതമാനം പേര്‍ കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ ഇത് 37 ശതമാനം വരും. കര്‍ണാടക 4, തമിഴ്‌നാട് 2.78 എന്നിങ്ങനെയാണ് മറ്റു ശതമാനക്കണക്കുകള്‍. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം ഉയരുന്നതിനുള്ള കാരണം കണ്ടെത്താന്‍ ഈ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവര്‍ ഒന്നരലക്ഷത്തില്‍ താഴെയാണ്. മഹാരാഷ്ട്രയിലും കേരളത്തിലും മാത്രം 50,000ലധികം പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.