ദിശ രവിക്ക് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 04:10 PM  |  

Last Updated: 23rd February 2021 04:22 PM  |   A+A-   |  

disha_ravi

ദിശ രവി /ചിത്രം പിടിഐ

 

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക  ദിശ രവിക്ക് ജാമ്യം. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെതാണ് ഉത്തരവ്.

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള 'ടൂള്‍ കിറ്റ്' തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ മാസം 13ന്  ദിശയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് ദിശയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യയെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വിവിധ വെബ്‌സൈറ്റുകള്‍ ഈ രേഖകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ വാദം
കാനഡ ആസ്ഥാനമായ പിജെഎഫാണ് ട്വീറ്റുകള്‍ക്കു പിന്നിലെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. 'ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തില്‍ അവര്‍ക്ക് ഒരു ഇന്ത്യന്‍ മുഖം വേണമായിരുന്നു. ദിശയെപ്പോലുള്ള കുറച്ചുപേരുമായി അവര്‍ ബന്ധപ്പെട്ടു. ഈ ടൂള്‍കിറ്റ് ഗൂഢാലോചനതന്നെ ഇവരുമായി ബന്ധപ്പെട്ടതാണ്' പൊലീസ് പറയുന്നു

'ഈ ഗൂഢാലോചനയുടെ ഭാഗമായി ദിശ 'ഇന്റര്‍നാഷനല്‍ ഫാര്‍മേര്‍സ് സ്‌െ്രെടക്ക്' എന്നൊരു വാട്‌സാപ് ഗ്രൂപ്പ് ഡിസംബര്‍ ആറിന് ഉണ്ടാക്കി. പിജെഎഫുമായി ബന്ധപ്പെടാനുള്ള നീക്കമായിരുന്നു അത്. ജനുവരി 11ന് പിജെഎഫ് സ്ഥാപകന്‍ എം.ഒ.ധാലിവാലും ദിശയുമായി സൂം വഴി ബന്ധപ്പെട്ടു. പിന്നാലെ നിരവധി യോഗങ്ങളും നടന്നു.

ജനുവരി 20നാണ് ടൂള്‍കിറ്റിന്റെ കരട് തയാറാക്കിയത്. മൂന്നു ദിവസത്തിനുശേഷം അന്തിമ ടൂള്‍കിറ്റ് ഷെയര്‍ ചെയ്യപ്പെട്ടു. പിജെഎഫുമായി ഈ ടൂള്‍കിറ്റ് ഷെയര്‍ ചെയ്യേണ്ട കാര്യമില്ല. ഇതു കര്‍ഷക സമരവുമായി ബന്ധപ്പെട്ടതല്ല. ഗൂഢമായ തരത്തിലാണ് കൈകാര്യം ചെയ്തത്. ഇതൊരു കുടിലമായ പ്രവൃത്തിയാണ്.

ഈ ടൂള്‍കിറ്റില്‍ ഒരു ലിങ്ക് കൊടുത്തിരുന്നു. അത് തുറക്കുന്നത് ഒരു വെബ്‌സൈറ്റിലേക്കാണ്. ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചാണ് ആ വെബ്‌സൈറ്റില്‍ പറയുന്നത്. ഈ ടൂള്‍കിറ്റ് ഇന്ത്യയെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ കൃത്യമായി തയാറാക്കിയതാണ്' പൊലീസ് പറഞ്ഞു.