'പൗരുഷവും ശക്തിയും വര്‍ധിക്കും'; കഴുതയുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു, വമ്പിച്ച വിലയ്ക്ക് കച്ചവടം 

ആന്ധ്രാപ്രദേശില്‍ കഴുതയുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കഴുതയുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. പുതിയ ബിസിനസ് സാധ്യത മുന്നില്‍ കണ്ട് തൊട്ടടുത്തുള്ള പ്രദേശങ്ങളിലുള്ള ഇറച്ചിവെട്ടുകാര്‍ കൂട്ടത്തോടെ ആന്ധ്രാപ്രദേശിലേക്ക് ചേക്കേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കഴുതയെ കൊന്ന് തിന്നുന്നത് നിയമവിരുദ്ധമാണ്. 

പൗരുഷവും ശക്തിയും വര്‍ധിക്കുമെന്ന അവകാശവാദങ്ങളെ തുടര്‍ന്നാണ് കഴുതയുടെ ഇറച്ചി തിന്നുന്നവരുടെ എണ്ണം ആന്ധ്രാപ്രദേശില്‍ ഉയര്‍ന്നത്. ഇതിന് വേണ്ടി എത്ര ബുദ്ധിമുട്ടാനും ചിലര്‍ തയ്യാറാണ്. നിയമവിരുദ്ധമായി കഴുതയുടെ ഇറച്ചി വില്‍ക്കുന്നവരെ തേടി കണ്ടുപിടിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി എത്ര കാശുവേണമെങ്കിലും മുടക്കാന്‍ തയ്യാറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴുതപ്പാലിന് കാലങ്ങളായി ഡിമാന്‍ഡ് കൂടുതലാണ്. എന്നാല്‍ കഴുതയുടെ ഇറച്ചിക്കായി ആവശ്യക്കാര്‍ വര്‍ധിക്കുന്നത് പുതിയ പ്രവണതയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന്റെ സാധ്യത മുന്നില്‍ കണ്ട് ഗുണ്ടാ സംഘങ്ങളും ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കഴുതക്കടത്തിനും മറ്റുമായി ഇത്തരം സംഘങ്ങളുടെ സഹായം തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ആന്ധ്രാപ്രദേശില്‍ കഴുത അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കണക്ക് അനുസരിച്ച 5000 കഴുതകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതോടെ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ കഴുതയെ കടത്താന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനിടെ കഴുതയെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കഴുതയെ കൊന്ന് തിന്നുന്നത് നിയമവിരുദ്ധമാണെന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പശ്ചിമ ഗോദാവരി മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ജി നെഹ്‌റു ബാബു മുന്നറിയിപ്പ് നല്‍കി.

2019ലെ കണക്കനുസരിച്ച് രാജ്യത്ത് 1.2 ലക്ഷം കഴുതകളാണ് ഉള്ളത്. 2012ന് ശേഷം കഴുതകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഏകദേശം 60 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com