ഗുജറാത്തിലെ ജനങ്ങളോട് നന്ദിയെന്ന് മോദി; തൂത്തുവാരി ബിജെപി; കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 08:08 PM  |  

Last Updated: 23rd February 2021 08:08 PM  |   A+A-   |  

gujarath_election

ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയമാഘോഷിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍

 

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി  തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.

തെരഞ്ഞെടുപ്പില്‍ വലിയ വിജയം നല്‍കിയ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് വികസനത്തിന്റെയും നല്ലഭരണത്തോടും രാഷ്ട്രിയത്തോടുമുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ്. ബിജെപിയെ വീണ്ടും അധികാരത്തിലത്തിച്ച സംസ്ഥാനത്തെ ജനങ്ങളോട് നന്ദി- മോദി ട്വിറ്ററില്‍ കുറിച്ചു

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ചിരുന്ന സൂറത്തില്‍ ഇത്തവണ വട്ടപൂജ്യമാണ് കോണ്‍ഗ്രസിന്. അതേ സമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. 

ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്.  20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇതിനിടെ അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍  അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വിജയിക്കാനായി.