വൈക്കോലിനുള്ളില്‍ നിന്നും പുള്ളിപുലി ചാടി വീണു, തോളിലും കഴുത്തിലും കടിച്ചു ; മനോധൈര്യം വിടാതെ പുലിയുടെ കണ്ണില്‍ കുത്തി 12 കാരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 06:49 AM  |  

Last Updated: 23rd February 2021 06:49 AM  |   A+A-   |  

leopard

പ്രതീകാത്മക ചിത്രം/ ഫയൽ

 

മൈസൂരു : പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലി കടിച്ചപ്പോള്‍ തിരിച്ചാക്രമിച്ചാണ് ബാലന്‍ രക്ഷപ്പെട്ടത്. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപം ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവമുണ്ടായത്.

അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കാനെത്തിയതായിരുന്നു 12 കാരനായ നന്ദന്‍. അച്ഛന്‍ രവിയും ഒപ്പമുണ്ടായിരുന്നു. കാലികള്‍ക്ക് പുല്ല് നല്‍കവെ, വൈക്കോലിനുള്ളില്‍ ഒളിച്ചിരുന്ന പുലി നന്ദന്റെ പുറത്തേക്ക് ചാടിവീഴുകയായിരുന്നു.

നന്ദന്റെ തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. വേദന കൊണ്ട് അലറി വിളിച്ച ബാലന്‍, സര്‍വശക്തിയുമെടുത്ത് തള്ളവിരല്‍ കൊണ്ട് പുലിയുടെ കണ്ണില്‍ കുത്തി. ഇതോടെ പുലി കടിവിട്ട് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. കഴുത്തില്‍ നിന്നും തോളില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നന്ദനെ ഉടന്‍ ആശുപത്രിയിലാക്കി. ബാലന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങല്‍ വ്യക്തമാക്കി.