പൊലീസിനെ ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമം; ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2021 10:40 AM  |  

Last Updated: 23rd February 2021 10:40 AM  |   A+A-   |  

BLAST IN QUARRY

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയിലെ ക്വാറിയില്‍ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് ആറുമരണം. പൊലീസ് റെയ്ഡ് ഭയന്ന് ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ചിക്കബല്ലാപുര താലൂക്കിലെ ഹെരനഗവേലി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് സംഭവം. മൃതദേഹങ്ങള്‍ ഛിന്നിചിതറിയ നിലയിലായിരുന്നു. നിയമവിരുദ്ധമായാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഏതാനും ദിവസമായി ക്വാറി അടഞ്ഞുകിടക്കുകയായിരുന്നു. അതിനിടെ പൊലീസ് റെയ്ഡ് ഭയന്ന് ജലാറ്റിന്‍ സ്റ്റിക് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് താലൂക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആരോഗ്യമന്ത്രി കെ സുധാകര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടി. ജനുവരി 22ന് കര്‍ണാടകയില്‍ തന്നെയുള്ള ശിവമോഗയില്‍ സമാനമായ സംഭവം നടന്നിരുന്നു. അന്ന് എട്ടുപേരാണ് മരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ക്വാറിയിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെയാണ് ചിക്കബല്ലാപൂരയില്‍ അപകടം നടന്നത്.