80 കോടി രൂപയുടെ വൈദ്യുതി ബില്‍, ഞെട്ടല്‍; 80കാരന്‍ ആശുപത്രിയില്‍

മഹാരാഷ്ട്രയില്‍ 80 കോടി രൂപയുടെ ഇലക്ട്രിസിറ്റി ബില്‍ ലഭിച്ചതിന് പിന്നാലെ 80 കാരന്‍ ആശുപത്രിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ 80 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചതിന് പിന്നാലെ 80 കാരന്‍ ആശുപത്രിയില്‍. ബില്‍ കണ്ടതിന്റെ ഞെട്ടലില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 80കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ബില്ലില്‍ തുക രേഖപ്പെടുത്തിയതില്‍ വന്ന പാകപ്പിഴയാണെന്ന് പിന്നീട് വ്യക്തമായി.

മഹാരാഷ്ട്രയിലെ നളസോപാറ നഗരത്തിലാണ് സംഭവം. 80 വയസുകാരനായ ഗണപത് നായിക്കിനാണ് 80 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. അരി പൊടിക്കുന്ന മില്‍ ഗണപത് നായിക്ക് നടത്തുന്നുണ്ട്. ഇതിന്റെ വൈദ്യുതി ബില്‍ കണ്ടതിന്റെ ഞെട്ടലിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗണപത് നായിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് ബില്ലില്‍ വന്ന പാകപ്പിഴയാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു. തിരുത്തിയ ബില്‍ ഉടന്‍ തന്നെ നല്‍കി. മീറ്റര്‍ റീഡിംഗ് ഏജന്‍സിയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്നും കമ്പനി അറിയിച്ചു.

ആറക്കമുള്ള തുക രേഖപ്പെടുത്തിയ ബില്‍ നല്‍കുന്നതിന് പകരം എട്ടക്കമുള്ള ബില്ലാണ് നല്‍കിയത്. ഇലക്ട്രിസിറ്റി മീറ്റര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗണപത് നായിക്കിന് പുതിയ ബില്‍ നല്‍കിയതായും അവര്‍ സംതൃപ്തരാണെന്നും കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com