അൺലോക്ക് മാർഗനിർദേശം നിലവിലിരിക്കെ എങ്ങനെ യാത്രക്കാരെ തടയും ?; അതിർത്തി അടച്ചതിൽ കർണാടക സർക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 08:32 AM  |  

Last Updated: 25th February 2021 08:36 AM  |   A+A-   |  

road closed

ഫയല്‍ ചിത്രം

 

ബംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പേരിൽ അതിർത്തികൾ അടച്ച നടപടിയിൽ  ബന്ധപ്പെട്ടവർക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു.  ചെക്ക്പോസ്റ്റുകൾ അടച്ച് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ നൽകിയ ഹർജിയിലാണ് നടപടി. കർണാടക സർക്കാരിനും കേന്ദ്രസർക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർക്കുമാണ് നോട്ടീസ് അയച്ചത്.

അതിർത്തിയിൽ ചെക്ക്പോസ്റ്റുകൾ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സർക്കാരിന്റെ കോവിഡ് അൺലോക്ക് നാലാംഘട്ട  യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി. സുബ്ബയ്യ റായ് നൽകിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

കേരള-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്പോസ്റ്റുകളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് കർണാടകയുടെ തീരുമാനമെന്നും ഹർജിയിൽ പറയുന്നു.  കാസർകോട്ടു നിന്ന് ദക്ഷിണകന്നഡ ജില്ലയിലേക്കും തിരിച്ചും ജോലി ആവശ്യത്തിനും വ്യാപാര ആവശ്യത്തിനും ചികിത്സാ ആവശ്യങ്ങൾക്കും ദിവസവും വരുന്നവർക്ക് ഇത് വലിയ ദുരിതമുണ്ടാക്കുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 

അൺലോക്ക് നാലിലെ മാർഗനിർദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിർത്തിയിൽ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു.  തടയുകയല്ല, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. തുടർന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.  അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങൾക്ക് താത്കാലിക സ്റ്റേ ഇല്ല. കേസ് മാർച്ച് അഞ്ചിന് പരിഗണിക്കാൻ മാറ്റി.