ഈഫല്‍ ടവറിനേക്കാള്‍ ഉയരം, 476 മീറ്റര്‍ നീളമുള്ള ആര്‍ച്ച് മാതൃക; ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം ഇന്ത്യയില്‍, യാഥാര്‍ഥ്യത്തിലേക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 25th February 2021 02:23 PM |
Last Updated: 25th February 2021 02:23 PM | A+A A- |

നിര്‍മ്മാണം പൂര്‍ത്തിയാവാനിരിക്കുന്ന ചേനാബ് നദിക്ക് കുറുകെയുള്ള ആര്‍ച്ച് പാലം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എന്‍ജിനീയറിംഗ് അത്ഭുതം എന്ന് വിശേഷിപ്പിക്കുന്ന പാലം ചേനാബ് നദിക്ക് കുറുകെയാണ് വരുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിലെ 476 മീറ്റര്‍ നീളമുള്ള ആര്‍ച്ച് മാതൃകയുടെ ചിത്രം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും ഉയരുമുള്ള റെയില്‍വേ പാലമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് പീയുഷ് ഗോയല്‍ ട്വീറ്റില്‍ കുറിച്ചു. കശ്മീരിനെ ഇന്ത്യയുടെ സിംഹ ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 2017 നവംബറിലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. 1250 കോടി രൂപയാണ് ചെലവ്. ചേനാബ് നദീത്തീരത്ത് നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം പണിതത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ് പാലം നില്‍ക്കുന്നത്.
ഭൂകമ്പമാപിനിയില്‍ എട്ടു തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ വരെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് പാലം. 1315 മീറ്ററാണ് മൊത്തം ഇതിന്റെ നീളം. ഉധംപൂര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയില്‍ കത്ര, ബനിഹാള്‍ പ്രദേശങ്ങള്‍ക്കിടയിലുള്ള 111 കിലോമീറ്റര്‍ ഭാഗത്ത് ഈ പാലം നിര്‍ണായകമാകും
.