കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ ഏഴുദിവസത്തെ ഹോം ക്വാറന്റൈന്‍, കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണം; ബംഗാളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 10:06 AM  |  

Last Updated: 25th February 2021 10:06 AM  |   A+A-   |  

Seven-day home quarantine in Tamil Nadu for people from Kerala

ഫയല്‍ ചിത്രം

 

കൊച്ചി: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളും പരിശോധന കര്‍ശനമാക്കി. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും പിന്നാലെ പശ്ചിമംബംഗാളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 

കര്‍ണാടകയ്ക്ക് പിന്നാലെ അതിര്‍ത്തിയില്‍ തമിഴ്‌നാടും പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാരെ നിരീക്ഷിക്കും. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം. കഴിഞ്ഞ ദിവസം മുതല്‍ കര്‍ണാടക അതിര്‍ത്തിയിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് കര്‍ണാടകയുടെ തീരുമാനം. 

ചെക്ക്‌പോസ്റ്റുകള്‍ അടച്ച് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി കര്‍ണാടക സര്‍ക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു. ചെക്ക്‌പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അണ്‍ലോക്ക് നാലാംഘട്ട  യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി സുബ്ബയ്യ റായ് നല്‍കിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.