തമിഴ്‌നാട്ടില്‍ പത്താംക്ലാസ് ഉള്‍പ്പെടെ ഓള്‍പാസ്; എല്ലാവരെയും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2021 12:35 PM  |  

Last Updated: 25th February 2021 12:35 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങിയത് പരിഗണിച്ചാണ് തീരുമാനം.

ഉപരിപഠനത്തില്‍ നിര്‍ണായകമായ പത്താംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓള്‍പാസ് നല്‍കാനുള്ള തീരുമാനമാണ് സുപ്രധാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും തൊട്ടടുത്ത ക്ലാസിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമാകില്ല എന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കുക. കാല്‍ക്കൊല്ല, അരക്കൊല്ല പരീക്ഷകളുടെ പ്രകടനവും ഹാജര്‍ നിലയും പരിശോധിച്ചാണ് മാര്‍ക്ക് നിശ്ചയിക്കുക.