ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ് തുടങ്ങി; ട്രക്കുകളും പണിമുടക്കുന്നു 

രാവിലെ ആറ് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഇന്ധന വില വർധന, ജിഎസ്ടി, ഇ- വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി.  ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന അറിയിച്ചു. കോൺഫഡറേഷന് ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഓൾ ഇന്ത്യ ട്രാൻസ്‌പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ ആറ് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ‌കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളും ബന്ധിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കും. അതേസമയം കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ട്രാൻസ്പോർട്ട് സംഘടനകളും പങ്കെടുക്കില്ല. 

ചരക്കുസേവന നികുതിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബിൽ അപാകതകൾ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചരക്കുസേവന നികുതി സങ്കീർണതകൾ നിറഞ്ഞ നികുതി ഘടനയാണ്. വ്യാപാരികൾക്ക് ദുരിതം മാത്രമാണ് ഇത് സമ്മാനിക്കുന്നതെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന പേരിൽ ആരംഭിച്ച ചരക്കുസേവനനികുതിയിൽ നിരവധി അപാകതകൾ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗൺസിൽ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. 

കഷ്ടപ്പാടുകൾ വ്യക്തമാക്കി ജിഎസ്ടി കൗൺസിലിലിന് നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഎസ്ടി കൗൺസിൽ സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്. വ്യാപാരികളുടെ സഹകരണം തേടുന്നതിൽ കൗൺസിൽ ഒരു വിധത്തിലുള്ള താതപര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. കൗൺസിലിന്റെ വ്യാപാരി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്താൻ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com