13 പേരുടെ ജീവനെടുത്ത 'അവ്നി' നരഭോജി തന്നെ; കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി

13 പേരുടെ ജീവനെടുത്ത 'അവ്നി' നരഭോജി തന്നെ; കടുവയെ കൊന്നവർക്കെതിരെ നടപടി സാധ്യമല്ലെന്ന് സുപ്രീം കോടതി
അവ്നി എന്ന കടുവ വെടിയേറ്റ് ചത്ത നിലയിൽ/ ട്വിറ്റർ
അവ്നി എന്ന കടുവ വെടിയേറ്റ് ചത്ത നിലയിൽ/ ട്വിറ്റർ

ന്യൂഡൽഹി: പതിമൂന്ന് പേരുടെ ജീവനെടുത്ത അവ്‌നി എന്ന പെൺകടുവയെ വെടിവെച്ചു കൊന്ന മഹാരാഷ്ട്ര വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ചു. വന്യജീവി സംരക്ഷണ പ്രവർത്തകയായ സംഗീത ദോഗ്ര സമർപ്പിച്ച ഹർജിയാണ് പിൻവലിച്ചത്. 

നരഭോജിയായ കടുവയെ കോടതി ഉത്തരവനുസരിച്ചാണ് വെടിവെച്ചു കൊന്നതെന്ന കാര്യം സുപ്രീം കോടതി ആവർത്തിച്ച് ഊന്നിപ്പറഞ്ഞു. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നത് പ്രായോ​ഗികമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഹർജി പിൻവലിച്ചത്. 

അവ്‌നി അഥവാ ടി1 എന്നറിയപ്പെട്ട കടുവ നരഭോജിയല്ലെന്ന് സംഗീത ദോഗ്ര സമർപ്പിച്ച ഹർജിയിൽ പറയുന്നു. കടുവ നരഭോജിയാണെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകൾ കടുവയുടെ മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈകാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താമെന്ന നിർദേശം സുപ്രീം കോടതി മുന്നോട്ടു വെക്കുകയും ചെയ്തു.

പോസ്റ്റുമോർട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ചോദ്യം ഉന്നയിച്ചിരുന്നു. മനുഷ്യനെ തിന്നാൽ കടുവയുടെ വയറ്റിൽ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയിൽ അവ കണ്ടെത്തിയിരുന്നില്ല എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം.

2018 നവംബറിലാണ് യവാത്മൽ ജില്ലയിൽ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗർ അലിയും അടങ്ങുന്ന എട്ടംഗ സംഘം അവ്‌നിയെ കൊലപ്പെടുത്തിയത്. വേട്ടയ്ക്ക്‌ ശേഷം സംസ്ഥാന സർക്കാർ കടുവയെ വകവരുത്തിയവരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചതായും പാരിതോഷികം നൽകിയതായും ഹർജിയിൽ ആരോപണമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com