മുതിര്‍ന്ന സിപിഐ നേതാവ് ഡി പാണ്ഡ്യന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 11:07 AM  |  

Last Updated: 26th February 2021 11:11 AM  |   A+A-   |  

D Pandiyan passes away

ഡി പാണ്ഡ്യന്‍/ ഫയല്‍ ചിത്രം

 

ചെന്നൈ: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ഡി പാണ്ഡ്യന്‍ അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജിലാണ് 
അന്ത്യം. 88 വയസായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സിപിഐ ദേശീയ സമിതി അംഗമായ പാണ്ഡ്യന്‍ നീണ്ടക്കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1989, 1991 തെരഞ്ഞെടുപ്പുകളിലാണ് ഇദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1932ല്‍ മധുര ജില്ലയിലാണ് ജനനം. കാരൈക്കുടി അളഗപ്പ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്ത ഇദ്ദേഹം 1962 വരെ അധ്യാപകനായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പൂര്‍ണമായി സജീവമാകുകയായിരുന്നു.

റെയില്‍വേ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ദീര്‍ഘകാലത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ നേതാവാണ് ഡി പാണ്ഡ്യന്‍. 1970ല്‍ സിപിഐ വിട്ട പാണ്ഡ്യന്‍ യൂണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി. 1990ല്‍ ഇത് സിപിഐയില്‍ ലയിച്ചു. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച സമയത്താണ് ഇദ്ദേഹം ആദ്യമായി ജയില്‍വാസം അനുഷ്ഠിക്കുന്നത്. അന്ന് 16 വയസായിരുന്നു പ്രായം.