16കാരിയായ മകളുടെ ചികിത്സയ്ക്ക് പണമില്ല; ഇളയ മകളെ മാതാപിതാക്കൾ 46കാരന്  10,000 രൂപയ്ക്ക് വിറ്റു

16കാരിയായ മകളുടെ ചികിത്സയ്ക്ക് പണമില്ല; ഇളയ മകളെ മാതാപിതാക്കൾ 46കാരന്  10,000 രൂപയ്ക്ക് വിറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: 16കാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ ഇളയ മകളെ മാതാപിതാക്കൾ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കൾ 12കാരിയായ മകളെ 46കാരന് വിറ്റത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ് ഇളയ മകളെ വിൽക്കാൻ ഇവർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. 

വിവരമറിഞ്ഞ അയൽവാസിയായ ചിന്ന സുബയ്യ വിലപേശലിന് ശേഷം 10,000 രൂപ നൽകി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി കുട്ടിയേയും കൂട്ടി ചിന്ന സുബയ്യ ദാംപുരിലെ ബന്ധുവീട്ടിലെത്തി. 

കുട്ടിയുടെ കരച്ചിൽ കേട്ട് അയൽക്കാർ രം​ഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ ഇവർ ഗ്രാമത്തലവനെ വിവരം ധരിപ്പിക്കുകയും തുടർന്ന് വനിതാ ശിശു ക്ഷേമ സമിതിയെ അറിയിക്കുകയും ചെയ്തു. 

പിറ്റേദിവസം  പെൺകുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെത്തി കുട്ടിയെ ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കുട്ടിയ്ക്ക് കൗൺസിലിങ് നൽകി വരികയാണ്. 

വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളെ തുടർന്ന് ചിന്ന സുബയ്യയുടെ ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് മുമ്പ് പലതവണ ഇയാൾ  12കാരിയെ വിവാഹം ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളെ സമീപിച്ചിരുന്നതായാണ് വിവരം. സുബയ്യക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com