ഹെൽമെറ്റില്ലാത്തതിന് 500 രൂപ പിഴ, നടുറോഡിൽനിന്ന് താലിമാല ഊരിനൽകി യുവതി; വെട്ടിലായി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2021 06:19 PM  |  

Last Updated: 27th February 2021 06:19 PM  |   A+A-   |  

mangalsutra

പ്രതീകാത്മക ചിത്രം

 

ബെംഗളൂരു: ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്രചെയ്തതിന് 500 രൂപ പിഴയിട്ട് പൊലീസിന് നേരെ താലിമാല നീട്ടി യുവതി. കൈയിൽ പണമില്ലെന്ന് പറഞ്ഞാണ് യുവതി നടുറോഡിൽവച്ച് താലിമാല ഊരിനൽകിയത്. ഒടുവിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ദമ്പതികളെ വിട്ടയക്കുകയായിരുന്നു. 

കർണാടകയിലെ ബെലഗാവിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം വാർത്തയായത്. ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി എന്ന യുവതിയാണ് പിഴയിട്ടത്. ഭർത്താവിനൊപ്പം ബൈക്കിൽ കിടക്ക വാങ്ങി മടങ്ങുന്നതിനിടെയാണ് ഇരുവരെയും പൊലീസ് തടഞ്ഞത്. ഹെൽമെറ്റില്ലാത്തതിന് 500 രൂപ പിഴ അടക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 

കിടക്ക വാങ്ങാൻ 1700 രൂപ ചിലവായെന്നും ബാക്കി പൈസയ്ക്ക് ഭക്ഷണം വാങ്ങിക്കഴിച്ചെന്നും യുവതി പറഞ്ഞു. രണ്ട് മണിക്കൂറോളം നിന്നെങ്കിലും പൊലീസ് വിട്ടയയ്ക്കാൻ കൂട്ടാക്കാതിരുന്നതോടെയാണ് യുവതി താലിമാല ഊരി നീട്ടിയത്. ഇതോടെ പൊലീസുകാരും പരിഭ്രാന്തരായി.ഒടുവിൽ മുതിർന്ന ഉദ്യോഗസ്ഥൻ ഇടപെട്ട് ഇരുവരെയും വിട്ടയച്ചു.