കോവിഡിനെ ചെറുക്കാൻ ചോണനുറുമ്പ് ചമ്മന്തി; അഭിപ്രായം അറിയിക്കൻ ആയുഷ് മന്ത്രാലയത്തോട് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2021 04:17 PM |
Last Updated: 01st January 2021 04:18 PM | A+A A- |

പ്രതീകാത്മക ചിത്രം
കോവിഡിനെതിരെ ചോണനുറുമ്പ് ചട്ട്‌നി ഉപയോഗിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് ഒറീസ ഹൈക്കോടതി. ഇതു സംബന്ധിച്ച ഹർജിയിൽ കോടതി ആയുഷ് മന്ത്രാലയത്തിനും സിഎസ്‌ഐആറിനും നോട്ടീസ് അയച്ചു. മൂന്ന് മാസത്തിനകം കോവിഡ് ചികിത്സയ്ക്ക് ചുവന്നുറുമ്പ് ചട്ട്‌നി പ്രയോജനപ്പെടുത്താൻ സാധിക്കുമോയെന്ന് അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം.
ഗോത്രവർഗക്കാർക്കിടയിൽ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്ട്‌നി. ജലദോഷം, ചുമ, പനി, ശ്വാസതടസം തുടങ്ങിയവയ്ക്ക് ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. പച്ചമുളക്, ഉറുമ്പ്, ഉപ്പ് എന്നിവ ചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്.
ജസ്റ്റിസുമാരായ ബിആർ സാരംഗി, പ്രമഥ് പട്‌നായിക് എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് നിർദേശം. കഴിഞ്ഞ ജൂണിൽ എൻജിനീയറും ഗവേഷകനുമായ നയാധാർ പാദിയാലാണ് കോവിഡ് ചികിത്സയ്ക്ക് ചോണനുറുമ്പ് ചട്ട്‌നി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യഹർജിയുമായി കോടതിയെ സമീപിച്ചു.