പൊതു പമ്പില്‍ നിന്ന് വെള്ളമെടുത്തു; മേല്‍ജാതിക്കാര്‍ മര്‍ദിച്ചു, ജീവനോടെ കത്തിക്കുമെന്ന് ഭീഷണി, യുപിയില്‍ ദലിത് കുടുംബം നാടുവിട്ടു
By സമകാലികമലയാളം ഡെസ്‌ക് | Published: 04th January 2021 04:33 PM |
Last Updated: 04th January 2021 04:33 PM | A+A A- |

ഫയല്‍ ചിത്രം
ലഖ്‌നൗ: സര്‍ക്കാര്‍ വക പമ്പ് ഉപയോഗിച്ച് വെള്ളം എടുത്തതിന്റെ പേരില്‍ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ദലിത് കുടുംബം നാടുവിട്ടു. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം നടന്നത്.
ഡിസംബര്‍ 25നാണ് വെള്ളം എടുത്തതിന്റെ പേരില്‍ തന്നെയും അച്ഛനെയു ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദിച്ചതെന്ന് ദലിത് കുടുംബത്തിലെ യുവാവ് വാര്‍ത്താ ഏജന്‍സിയായി പിടിഐയോട് പറഞ്ഞു. എണ്‍പത് വയസ്സുള്ള അച്ഛനെ വടികള്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത് എന്നും യുവാവ് പറഞ്ഞു.
തന്നെയും പിതാവിനെയും ജീവനോടെ കത്തിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെന്നും യുവാവ് പറയുന്നു. ഇതേത്തുടര്‍ന്ന് പേടിച്ചാണ് തങ്ങള്‍ വീടു വിട്ടതെന്നും ഇപ്പോള്‍ ഒരു ഫാം ഹൗസിലെ കുടിലിലാണ് താമസിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
ലോക്കല്‍ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ അച്ഛന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് പറയുന്നില്ലെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് എസ്പിക്ക് പരാതി നല്‍കി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് നല്‍കുന്ന മറുപടി.