കര്‍ഷക സംഘടനകളുമായി ഇന്ന്  നിര്‍ണ്ണായക ചര്‍ച്ച ; നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; പരാജയപ്പെട്ടാല്‍ വ്യാഴാഴ്ച ട്രാക്ടര്‍ മാര്‍ച്ചെന്ന് മുന്നറിയിപ്പ്

കര്‍ഷകര്‍ക്ക് ഇന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി എംപി ധര്‍മ്മേന്ദ്ര
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം
കര്‍ഷക പ്രക്ഷോഭം / പിടിഐ ചിത്രം

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വിഷയത്തില്‍ ഏഴാം വട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഇന്നു നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. 

കര്‍ഷക സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. കഴിഞ്ഞ തവണ നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സമരവുമായി കര്‍ഷകര്‍ മുന്നോട്ടുപോകുകയായിരുന്നു. 

നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കൃഷിക്കാരന്റെ സാഹചര്യം സര്‍ക്കാര്‍ മനസിലാക്കണം. നിയമങ്ങള്‍ റദ്ദാക്കാതെ കര്‍ഷകര്‍ പിന്നോട്ടില്ല. സര്‍ക്കാര്‍ സ്വാമിനാഥന്റെ റിപ്പോര്‍ട്ട് നടപ്പാക്കുകയും താങ്ങുവില സംബന്ധിച്ച് നിയമം ഉണ്ടാക്കുകയും വേണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്. വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില നടപ്പാക്കുക എന്നീ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിനും റിപ്പബ്ലിക് ദിനത്തിലും ട്രാക്ടര്‍ റാലി നടത്തുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി ജോയിന്റ് സെക്രട്ടറി സുഖ് വീന്ദര്‍ എസ് സബ്ര പറഞ്ഞു.

കര്‍ഷകര്‍ക്ക് ഇന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി എംപി ധര്‍മ്മേന്ദ്ര വ്യക്തമാക്കി. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഹരിയാണയില്‍നിന്നുള്ള കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാണയിലെ റവാരിആല്‍വാര്‍ അതിര്‍ത്തിയിലാണ് പോലീസ് ഏറ്റുമുട്ടിയത്.സമരക്കാര്‍ക്കു നേരെ പൊലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com