കോവിഡ് വാക്‌സിന്‍ ആദ്യം തനിക്ക് വേണ്ട; മറ്റുള്ളവര്‍ക്ക് നല്‍കൂവെന്ന് ശിവരാജ് സിങ് ചൗഹാന്‍

വിതരണത്തിന്റെ തുടക്കത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനില്ലെന്ന്  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍/ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
ശിവരാജ് സിങ് ചൗഹാന്‍/ ഫോട്ടോ ഫെയ്‌സ്ബുക്ക്‌


ഭോപ്പാല്‍: വിതരണത്തിന്റെ തുടക്കത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനില്ലെന്ന്  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. ആദ്യം വാക്‌സിന്‍ നല്‍കേണ്ടത് മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍ക്കാണെന്നും ചൗഹാന്‍ പറഞ്ഞു. ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് തന്റെ തീരുമാനം. ആദ്യം മറ്റുള്ളവര്‍ക്ക് നല്‍കട്ടെ. മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചൗഹാന്‍ പറഞ്ഞു. 

രാജ്യത്ത് രണ്ട് കോറോണ വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം. വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ 
കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെയാണ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ അനുമതി നല്‍കിയതെന്നും ഇത് അപകടം വിളിച്ചുവരുത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ജയ്‌റാം രമേഷ്, ആനന്ദ് ശര്‍മ്മ തുടങ്ങിയവരാണ് കോവിഡ് വാക്‌സിനെതിരെ രംഗത്ത് എത്തിയത്.

കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പൂരി എന്നിവര്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആരോപണം വിലകുറഞ്ഞതാണെന്നും രാഷ്ട്രീയപകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com