അതിതീവ്ര വൈറസ് വ്യാപിക്കുന്നു, ഇരുപതു പേര്‍ക്കു കൂടി സ്ഥിരീകരണം, ആകെ കേസുകള്‍ 58 ആയി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:58 AM |
Last Updated: 05th January 2021 11:58 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ബ്രിട്ടിഷ് വകഭേദം ബാധിച്ച ഇരുപതു കേസുകള്‍ കൂടി ഇന്ത്യയില്‍ കണ്ടെത്തി. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുടുതല്‍ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 25 സാംപിളുകള്‍ പുതിയ വകഭേദമാണെന്നു കണ്ടെത്തി. ഡല്‍ഹി ഐജിഐബിയില്‍ 11 സാംപിളുകളിലും ബംഗളൂരു നിംഹാന്‍സില്‍ പത്തു സാംപിളുകളിലും പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.
അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.
വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യുകെയില്‍നിന്ന് തിരിച്ചെത്തിയവര്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം ഒമ്പതാം തീയതി മുതല്‍ കേരളത്തിലെത്തിയ 1600പേരെ പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
വിദേശത്തുനിന്നെത്തിയവരില്‍ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പുനൈ വൈറോളജി ലാബില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു.