മയക്കുമരുന്ന് വേട്ട : നടി ശ്വേത കുമാരി അറസ്റ്റില്‍ ; 400 ഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 02:10 PM |
Last Updated: 05th January 2021 02:12 PM | A+A A- |

നടി ശ്വേത കുമാരി / ഫയല്‍ ചിത്രം
മുംബൈ : നാര്‍ക്കോട്ടിക്‌സ് ബ്യൂറോ നടത്തിയ മയക്കുമരുന്ന് വേട്ടക്കിടെ കന്നട നടി ശ്വേത കുമാരി അറസ്റ്റിലായി. മുംബൈയിലെ മിറ-ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സിനിമാ താരം പിടിയിലായത്. നടിയുടെ പക്കല്‍ നിന്നും 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) പിടിച്ചെടുത്തു.
2015ല്‍ 'റിങ് മാസ്റ്റര്‍' എന്ന കന്നട ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു.
ഗോവയിലും മഹാരാഷ്ട്രയിലുമായി നര്‍കോട്ടിക്‌സ് ബ്യൂറോ (എന്‍സിബി) നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നു പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചര്‍ച്ചയാകുന്നത്. ഇതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയില്‍ കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി താരങ്ങള്‍ക്ക് മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചു. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗില്‍റാണിയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.