കേരളത്തിന് പിന്നാലെ ഉത്തരേന്ത്യയിലും പക്ഷിപ്പനി പടരുന്നു ; ഹിമാചല്‍ പ്രദേശില്‍ ഇറച്ചി കഴിക്കുന്നതിന് നിരോധനം, ജാഗ്രതാ മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:03 AM |
Last Updated: 05th January 2021 11:03 AM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : കേരളത്തിന് പിന്നാലെ ഉത്തരേന്ത്യയിലും പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ പോങ് ഡാം റിസര്‍വോയര്‍ പ്രദേശത്താണ് 2300 ലേറെ ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏവിയന്‍ ഫ്ലൂ ( പക്ഷിപ്പനി) ആണ് കാരണമെന്ന് സ്ഥിരീകരിച്ചത്. സമീപ പ്രദേശങ്ങളായ ധര്‍മ്മശാല, ഉപാസന പടിയാല്‍ തുടങ്ങിയ പ്രദേശങ്ങളിലും പക്ഷിപ്പനി കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് കാംഗ്ര ജില്ലിയില്‍ കോഴി വില്‍പ്പനയും പക്ഷി ഇറച്ചി കഴിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. പൗള്‍ട്രി വിഭവങ്ങളും മല്‍സ്യ വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പക്ഷിപ്പനി പടരുന്നത് തടയാന്‍ മൃഗസംരക്ഷണ വകുപ്പിന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
രാജസ്ഥാനില്‍ ജാല്‍വാര്‍, കോട്ട, ബരണ്‍, ബികാനീര്‍, ദൗസ, ജോധ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായി 500 ലേറെ പക്ഷികളാണ് ചത്തത്. ഇതിലേറെയും കാക്കകളാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കണ്ടെത്തിയതെന്ന് രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ വീരേന്ദ്ര സിങ് പറഞ്ഞു.
മധ്യപ്രദേശിലെ മാന്‍ദ്‌സോറില്‍ നൂറിലേറെ കാക്കകളാണ് ചത്തുവീണത്. ഇന്‍ഡോര്‍, അഗര്‍ മാല്‍വ, ഖാര്‍ഗോണ്‍ തുടങ്ങിയ പ്രദേശങ്ങളിലും നൂറുകണക്കിന് പക്ഷികല്‍ ചത്തു വീണു. തുടര്‍ന്ന് പരിസോധനയില്‍ പക്ഷിപ്പനിയാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ പക്ഷിപ്പനി ബാധിതമെന്ന് കണ്ടെത്തിയ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത കര്‍ശമാക്കിയതായി മധ്യപ്രദേശ് മൃഗസംരക്ഷണ മന്ത്രി പ്രേസിങ് പട്ടേല്‍ അറിയിച്ചു.