'പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കു'- മകള്‍ ജനിച്ചതിന്റെ സന്തോഷത്തിന് മുടിവെട്ട് സൗജന്യമാക്കി ബാര്‍ബര്‍ ഷോപ്പ് ഉടമയായ അച്ഛന്‍!
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:09 AM |
Last Updated: 05th January 2021 11:09 AM | A+A A- |
സൽമാൻ/ എഎൻഐ
ഭോപ്പാല്‍: പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കി ഇതാ ഒരു പിതാവ്. കുട്ടി ജനിച്ചതിന്റെ സന്തോഷത്തില്‍ ആ പിതാവ് തന്റെ മൂന്ന് ബാര്‍ബര്‍ ഷോപ്പിലും തിങ്കളാഴ്ച മുടി വെട്ടാനെത്തിയവര്‍ക്ക് അത് സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സല്‍മാന്‍ എന്ന സലൂണ്‍ ഷോപ്പുകളുടെ ഉടമയാണ് വേറിട്ട വഴിയിലൂടെ മകളുടെ ജനനം ആഘോഷമാക്കിയത്.
ഡിസംബര്‍ 26ന് മകള്‍ ജനിച്ചതിന് പിന്നാലെ തന്റെ മൂന്ന് സലൂണ്‍ ഷോപ്പുകള്‍ക്ക് മുന്നിലും സല്‍മാന്‍ ഒരു ബോര്‍ഡ് വച്ചു. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു- 'ഞങ്ങളുടെ വീട്ടിലേക്ക് ഒരു പെണ്‍കുഞ്ഞ് പുതിയ അംഗമായി എത്തിയതിന്റെ സന്തോഷത്തില്‍ ജനുവരി നാലിന് ഈ സ്ഥാപനത്തിലെ സേവനങ്ങള്‍ സൗജന്യമായിരിക്കും'- എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്ന വാചകങ്ങള്‍.
'ഒരു മകള്‍ ജനിക്കുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന സന്ദേശം നല്‍കാനാണ് താന്‍ ഇത്തരമൊരു കാര്യം ചെയ്തത്. പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിഞ്ഞാല്‍ ഇപ്പോഴും നെറ്റി ചുളിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ലിംഗപരമായ വിവേചനം കാണിക്കാതെ കുട്ടികളുടെ ജനനം സന്തോഷകരമാണെന്ന സന്ദേശം നല്‍കാനാണ് ഇത്തരമൊരു സൗജന്യം സേവനം എന്ന ആശയം തോന്നിയത്. തിങ്കളാഴ്ച ഏതാണ്ട് 80- 85 പേര്‍ സൗജന്യ സേവനം പ്രയോജനപ്പെടുത്തി'- സല്‍മാന്‍ വ്യക്തമാക്കി.
കടയിലെത്തിയവരെല്ലാം സല്‍മാന്റെ തീരുമാനത്തെ അഭിനന്ദിച്ചു. പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കാന്‍ സമൂഹത്തിന് പ്രേരണ നല്‍കുന്ന നല്ല സന്ദേശമാണ് സല്‍മാന്‍ ഈ പ്രവര്‍ത്തിയിലൂടെ നടത്തിയതെന്ന് ഉപഭോക്താക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.