നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍ കോവിഡ് വാക്‌സിന്‍ ആശുപത്രിയില്‍ എത്തിച്ചത് സൈക്കിളില്‍; വിവാദം

വാരാണസിയിലെ ചൗക്കഘട്ട് മേഖലയിലെ വനിതാ ആശുപത്രിയിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്
വാരാണസിയിലെ വനിതാ ആശുപത്രിയില്‍ സൈക്കിളില്‍ വാക്‌സിന്‍ എത്തിച്ചപ്പോള്‍/ ട്വിറ്റര്‍ ചിത്രം
വാരാണസിയിലെ വനിതാ ആശുപത്രിയില്‍ സൈക്കിളില്‍ വാക്‌സിന്‍ എത്തിച്ചപ്പോള്‍/ ട്വിറ്റര്‍ ചിത്രം

ലക്‌നൗ: അനുമതി നല്‍കിയതോടെ, കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാനങ്ങളില്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. അതിനിടെ ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ സൈക്കിളില്‍ എത്തിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

വാരാണസിയിലെ ചൗക്കഘട്ട് മേഖലയിലെ വനിതാ ആശുപത്രിയിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്.ഇവിടത്തെ ജീവനക്കാരന്‍ സൈക്കിളിലാണ് വാക്‌സിന്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി വാരാണസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്തുവന്നു. അഞ്ചു കേന്ദ്രങ്ങളില്‍ വാനിന്റെ സഹായത്തോടെയാണ് വാക്‌സിന്‍ എത്തിച്ചത്. വനിതാ ആശുപത്രിയില്‍ മാത്രമാണ് സൈക്കിളില്‍ വാക്‌സിന്‍ എത്തിച്ചതെന്നാണ് വിശദീകരണം.

വാക്‌സിന്‍ വിതരണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനെ എല്ലാ പ്രദേശങ്ങളിലും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വാരാണസിയിലെ സംഭവത്തിന്റെ പശ്ചാത്തലതത്തില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വീഴ്ചയും സംഭവിക്കരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com