മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയില്ല; അനിയനെ കിണറില്‍ തള്ളിയിട്ടു, 16കാരന്‍ ദേഹത്ത് കല്ല് കെട്ടി കൂടെ ചാടി 

കര്‍ണാടകയില്‍ മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഇളയ സഹോദരനെ കിണറില്‍ തള്ളിയിട്ട ശേഷം 16കാരനും കൂടെ ചാടി
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

ബംഗളൂരു: കര്‍ണാടകയില്‍ മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഇളയ സഹോദരനെ കിണറില്‍ തള്ളിയിട്ട ശേഷം 16കാരനും കൂടെ ചാടി. ഇരുവരും മരിച്ചു. 12 വയസുകാരനായ ഇളയ സഹോദരന് നീന്തല്‍ വശമില്ല. 16കാരന്‍ നല്ല നീന്തല്‍ക്കാരനാണ്. കല്ല് നിറച്ച ബാഗ് അരയില്‍ കെട്ടിവെച്ച ശേഷമാണ് 16കാരന്‍ വെള്ളത്തിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച വൈകീട്ട് കലബുര്‍ഗി ജില്ലയിലാണ് സംഭവം നടന്നത്.  ടച്ച് സ്‌ക്രീന്‍ ഉള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരാന്‍ സുനില്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സുനില്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. ഇളയ സഹോദരന്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്.

കര്‍ഷക കുടുംബമാണ് സുനിലിന്റേത്. അപസ്മാരത്തിന്റെ പ്രശ്‌നമുള്ളതിനാല്‍ സുനിലിന് എല്ലാവരും പ്രത്യേക പരിഗണനയാണ് നല്‍കിയിരുന്നത്. ഞായറാഴ്ച പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ് സുനില്‍ വാശിപിടിച്ചു. കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ ആവശ്യം നിരസിച്ചു. കീപാഡുള്ള സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി തരാമെന്ന് പറഞ്ഞെങ്കിലും സുനില്‍ ഇതിന് വഴങ്ങിയില്ല.
കുപിതനായ സുനില്‍ അനിയന്‍ ശേഖറിനെയും കൂട്ടി പുറത്തിറങ്ങി. തുടര്‍ന്ന്  ഗ്രാമത്തിന് പുറത്തുള്ള കിണറില്‍ ഇളയ സഹോദരനെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നീന്തല്‍ അറിയാത്ത ഇളയ സഹോദരന്‍ ചേട്ടന്റെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സുനില്‍ നല്ല നീന്തല്‍ക്കാരനാണ്. രക്ഷപ്പെടാതിരിക്കാന്‍ അരയില്‍ കല്ല് നിറച്ച ബാഗുമായാണ് സുനില്‍ വെള്ളത്തിലേക്ക് എടുത്തുച്ചാടിയതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com