തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്‌നാടിനെ തിരുത്തി കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 07:06 PM |
Last Updated: 06th January 2021 07:06 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: തീയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം. തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം നിര്‍ദേശിച്ചു. അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമെ തീയേറ്ററില്‍ പ്രവേശനം നല്‍കാവൂവെന്നും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് തമിഴ്‌നാട്ടിലെ സിനിമ തീയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.. മാര്‍ച്ച് മാസത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ വന്നതോടെ അടച്ച തീയേറ്ററുകള്‍ കോവിഡ് നിരക്കില്‍ കുറവ് വന്നതോടെ നവംബര്‍ മാസത്തില്‍ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ തീരുമാനത്തില്‍ ഇളവ് നല്‍കിയായിരുന്നു പുതിയ തീരുമാനം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മിക്ക ചിത്രങ്ങളും ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇതുമൂലം തീയേറ്റര്‍ ഉടമകള്‍ വല്ലാതെ സാമ്പത്തിക ക്‌ളേശം അനുഭവിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് രോഗബാധയില്‍ വീണ്ടും കുറവ് വന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിനിടയാക്കിയത്. മാസങ്ങള്‍ക്കകം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും, അടുത്തയാഴ്ച പൊങ്കല്‍ ഉത്സവം നടക്കാനിരിക്കുന്നത് കൊണ്ടും കൂടിയായിരുന്നു തീരുമാനം. വിജയ്‌യുടെ 'മാസ്റ്റര്‍' ആണ് ഇത്തരത്തില്‍ ആദ്യം എത്തുന്നത്. ജനുവരി 13നാണ് ചിത്രം റിലീസ് ചെയ്യുക. 2020 അവസാനം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മാസ്റ്റര്‍.