ലോഡ് നിറച്ച ട്രക്കുമായി മദ്യലഹരിയിൽ പാച്ചിൽ, ബൈക്കുകൾക്കു മേലേ പാഞ്ഞുകയറി, മൂന്നു മരണം; വിഡിയോയിൽ കുടുങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 01:13 PM |
Last Updated: 06th January 2021 01:13 PM | A+A A- |
സിസിടിവി സ്ക്രീൻഷോട്ട്
ന്യൂഡൽഹി: അമിതവേഗത്തിൽ വന്ന ട്രക്ക് ജയ്പൂർ-ഡൽഹി റോഡിൽ മൂന്ന് പേരുടെ ജീവനെടുത്തു. പാഞ്ഞെത്തിയ ട്രക്ക് മൂന്ന് ബൈക്ക് യാത്രികർക്ക് മുകളിലൂടെ കുതിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത്. ഈദ്ഗാഹ് ഫ്ലൈഓവറിനടുത്തുള്ള ജയ്പൂരിലെ തിരക്കേറിയ ബ്രഹ്മപുരി പ്രദേശത്തായിരുന്നു ദാരുണമായ സംഭവം. രാജ്കുമാർ, ലാൽചന്ദ്, മുഹമ്മദ് സലാം എന്നിവരാണ് മരിച്ചത്. ഹരിയാന സ്വദേശിയാണ് ട്രക്ക് ഡ്രൈവർ.
ട്രക്ക് ഡ്രൈവർ നിയന്ത്രണംവിട്ട് വാഹനമോടിക്കുന്നതിന്റെയും നടുറോഡിൽ ബൈക്ക് യാത്രികർക്ക് മേലെ പായുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. അരിച്ചാക്കുകളുമായി വന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ തിടുക്കത്തിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.