നടുറോഡില്‍ ഡാന്‍സ് കളിച്ച് സ്‌കോര്‍പിയോ, കയ്യോടെ പിടികൂടി പൊലീസ് ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 02:17 PM |
Last Updated: 06th January 2021 02:17 PM | A+A A- |
നടുറോഡില്‍ സ്‌കോര്‍പിയോ കാറിന്റെ അഭ്യാസപ്രകടനം
ന്യൂഡല്‍ഹി: നിരത്തില്‍ അഭ്യാസപ്രകടനം നടത്തിയ 'ഡാന്‍സിംഗ് കാര്‍' എന്നറിയപ്പെടുന്ന മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍ പൊലീസ് പിടിച്ചെടുത്തു. സോഷ്യല്‍മീഡിയയില്‍ അപകടകരമായ രീതിയില്‍ സ്‌കോര്‍പിയോ കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. രൂപംമാറ്റിയ സ്‌കോര്‍പിയോ കാറാണ് അഭ്യാസപ്രകടനത്തിന് ഉപയോഗിച്ചിരുന്നത്. വാഹന ഉടമയ്ക്ക് 41,500 രൂപ പിഴയും ഗാസിയാബാദ് പൊലീസ് ചുമത്തിയിട്ടുണ്ട്.
ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു നിരത്തിലൂടെ ഡാന്‍സ് കളിച്ച് പോകുന്ന ഈ വാഹനം. ഗാസിയാബാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറേക്കാലങ്ങളായി നിറസാനിധ്യമായിരുന്ന ഈ വാഹനത്തില്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍പ്പിച്ച് പൊതുറോഡുകളില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു പതിവ്. വാഹനത്തിന്റെ സസ്പെന്‍ഷന്‍ ട്യൂണ്‍ ചെയ്ത ശേഷം ബ്രേക്കും ആക്സിലറേറ്ററും ഉപയോഗിച്ച് കാറിനെ ഡാന്‍സിംഗ് രീതിയില്‍ ചാടിക്കുകയായിരുന്നു രീതി.കറുപ്പാണ് ഈ വാഹനത്തിന്റെ നിറമെങ്കിലും ബോണറ്റിലും വശങ്ങളിലും മഞ്ഞ നിറം നല്‍കിയിട്ടുണ്ട്.
നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒടുവില്‍ പൊലീസിന്റെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഈ വാഹനം പിടിച്ചെടുത്തത്. മോഡിഫിക്കേഷന്‍, ശബ്ദമലിനീകരണം തുടങ്ങി എട്ടോളം വകുപ്പുകള്‍ ചേര്‍ത്ത് 41,500 രൂപയാണ് പോലീസ് ഈ വാഹനത്തിന് പിഴയിട്ടത്. മാത്രമല്ല വാഹനത്തിന്റെ രേഖകളില്‍ പലതും കാണാനില്ലെന്നും പൊലീസ് കണ്ടെത്തി.