നടിയുടെ ഫ്ളാറ്റില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു, പര്‍ദ്ദയിട്ട് കടന്നു ; ടിക് ടോക്ക് താരം അറസ്റ്റില്‍, കുടുക്കിയത് ലെതര്‍ ഷൂസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 12:10 PM |
Last Updated: 06th January 2021 12:10 PM | A+A A- |
പ്രതീകാത്മക ചിത്രം
മുംബൈ: ഒന്‍പത് ലക്ഷത്തോളം ആരാധകരുള്ള ടിക് ടോക്ക് താരം മോഷണക്കേസില്‍ അറസ്റ്റിലായി. നടിയുടെ ഫ്ളാറ്റില്‍ നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ 4.9 ലക്ഷം രൂപയോളം മോഷ്ടിച്ചെന്നാണ് കേസ്. 28കാരനായ അഭിമന്യൂ ഗുപ്തയാണ് അറസ്റ്റിലായത്.
നടിയും മോഡലുമായ ഖുശ്ബു അഗര്‍വാളിന്റെ അന്തേരിയിലെ ഫ്ളാറ്റിലെത്തിയ യുവാവ് മറ്റൊരു വീട് കണ്ടെത്തുന്നതുവരെ ഒപ്പം താമസിക്കാന്‍ അനുവാദം വാങ്ങിയെടുത്തു. 12 ദിവസത്തോളം നടിയുടെ ഫ്ളാറ്റിലാണ് അഭിമന്യു താമസിച്ചത്. കഴിഞ്ഞ മാസം 18 മുതല്‍ 22 വരെ താന്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദശത്തായിരുന്നെന്നും ഈ സമയത്താണ് മോഷണം നടന്നതെന്നും നടി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പരാതിപ്പെടരുതെന്ന് അയാള്‍ ഉപദേശിച്ചെന്നും നടി പറഞ്ഞു.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിമന്യൂ കുടുങ്ങിയത്. മോഷണമുതലുമായി പര്‍ദ്ദ ധരിച്ചാണ് യുവാവ് കടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് സിസിടിവിയില്‍ നിന്ന് ലഭിച്ചു. പര്‍ദ്ദ ധരിച്ചപ്പോള്‍ കാലിലെ ലെതര്‍ ഷൂസ് മാറ്റാതിരുന്നതാണ് പ്രതിയെ കുടുക്കിയത്. അഭിമന്യുവിന്റെ ബൈക്കില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണമടക്കം കണ്ടെത്തുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
2011മുതല്‍ അഭിമന്യൂ പലതവണ അറസ്റ്റിലായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2018 മെയിലാണ് ഇയാള്‍ അവസാനമായി അറസ്റ്റിലായത്. പ്രായമായ ദമ്പതികളുടെ വീട്ടില്‍ നിന്ന് നാലര ലക്ഷത്തോളം വില വരുന്ന സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈലും മോഷ്ടിച്ചതിനാണ് അന്ന് പിടിയിലായത്.