പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടി, ആര്യസമാജത്തില്‍ വിവാഹം; കോടതിയില്‍ വാക്കു മാറ്റി മുസ്ലിം യുവതി, കുഴങ്ങി പൊലീസ്

ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടി, ആര്യസമാജത്തില്‍ വിവാഹം; കോടതിയില്‍ വാക്കു മാറ്റി മുസ്ലിം യുവതി, കുഴങ്ങി പൊലീസ്

ലക്‌നൗ: ഹിന്ദുവായ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച മുസ്ലിം യുവതി കോടതിയില്‍ വച്ച് അഭിപ്രായം മാറ്റി വീട്ടുകാര്‍ക്കൊപ്പം മടങ്ങി. മകളെ യുവാവ് തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയില്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. 

ഉത്തര്‍പ്രദേശിലെ ഔറായിയലാണ് സംഭവം. സെന്‍ഗാന്‍പുര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ഒക്ടോബറിലാണ് അടുത്ത ഗ്രാമത്തിലെ ഹിന്ദു യുവാവുമായി ഒളിച്ചോടിയത്. കുല്‍ഗാവിലെ ആകാശ് എന്ന യുവാവിനൊപ്പമാണ് യുവതി നാടു വിട്ടത്. ഇതിനു പിന്നാലെ മകളെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഡല്‍ഹിയിലേക്കു പോയ കാമുകീകാമുകന്മാര്‍ ഒക്ടോബര്‍ 14ന് ആര്യസമാജ ആചാര പ്രകാരം വിവാഹം ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ച് അവര്‍ സ്റ്റേഷനില്‍ എത്തി വിവാഹ സാക്ഷ്യപത്രം കാണിക്കുകയും ചെയ്തു. 

പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുള്ളതിനാല്‍ ഇരുവരെയും വിളിച്ചുവരുത്തിയതായി ഇന്‍സ്‌പെക്ടര്‍ ലളിത് കുമാര്‍ പറഞ്ഞു. യുവാവിനെയും യുവതിയെയും കോടതിയില്‍ ഹാജരാക്കി. ഇവിടെ വച്ച് യുവതി വാക്കുമാറുകയായിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോവാനാണ് താത്പര്യമെന്ന് യുവതി കോടതിയെ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച അവര്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. 

അതേസമയം പിതാവ് പരാതിയില്‍ പറഞ്ഞപോലെ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും യുവതി പറഞ്ഞു. യുവാവിനൊപ്പം ജീവിക്കാനാണ് താത്പര്യം. എന്നാല്‍ അതിനു യുവാവ് ഇസ്ലാമിലേക്കു മതം മാറണമെന്നും യുവതി പറയുന്നു.

പരാതിയില്‍ ഇനി എന്തു നടപടി സ്വീകരിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com